12:50am 11 September 2026
NEWS
എൻഎസ്എസിന്റെ ഇടത് ചായ്വ്: ജി സുകുമാരൻ നായർക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു
27/09/2025  07:13 AM IST
nila
എൻഎസ്എസിന്റെ ഇടത് ചായ്വ്:  ജി സുകുമാരൻ നായർക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു

എൻഎസ്എസ് നേതൃത്വത്തിൻറെ ഇടതു ചായ്‍വിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. പത്തനംതിട്ടയിൽ രണ്ടിടങ്ങളിൽ എൻഎസ്എസ് ജനറൽ സെക്രട്ടറിക്കെതിരെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇതിനു പിന്നാലെ തിരുവനന്തപുരത്തും കഴിഞ്ഞ ദിവസം സുകുമാരൻ നായർക്കെതിരെ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. തിരുവനന്തപുരം നരുവാമൂട് നടുക്കാട് 2299-ാം നമ്പർ ചെരുത്തൂർക്കോണം വിധ്യാധിരാജ എൻഎസ്എസ് കരയോഗം കാര്യാലയത്തിന് മുന്നിലാണ് ഭാരവാഹികൾ നേതൃത്വത്തിനെതിരെ ഫ്ലക്സ് വെച്ചത്. 

 നായർ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരൻ നായർക്ക് ആദരാഞ്ജലികൾ എന്ന് എഴുതിയ ഫ്ലക്സ് ആണ് ഭാരവാഹികൾ സ്ഥാപിച്ചത്. ഫ്ലക്സ് സ്ഥാപിക്കുന്നതിൻറെ ദൃശ്യങ്ങളും പുറത്തുവന്നു. പരസ്യപ്രതിഷേധവുമായാണ് കരയോഗം ഭാരവാഹികൾ രംഗത്തെത്തിയത്. നേരത്തെ ചങ്ങനാശ്ശേരിയിൽ ഒരു കുടുംബം കരയോഗം അംഗത്വം ഉപേക്ഷിച്ചിരുന്നു. പിന്നാലെ എറണാകുളത്ത് കണയന്നൂർ കരയോഗം ഭാരവാഹികളും സുകുമാരൻ നായരുടെ സർക്കാർ അനുകൂല നിലപാടിനെ പരസ്യമായി തള്ളി രംഗത്തെത്തിയിരുന്നു. 

പത്തനംതിട്ടയിൽ ജി സുകുമാരൻ നായർക്കെതിരെ രണ്ടിടങ്ങളിലാണ് ഒരേപോലത്തെ ഫ്ലക്സ് സ്ഥാപിച്ചത്. പത്തനംതിട്ട പ്രമാടം പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് ഇന്നലെ രാവിലെ ഫ്ലക്സ് സ്ഥാപിച്ചത്. കുടുംബ കാര്യത്തിനുവേണ്ടി ഭക്തരെ പിന്നിൽ നിന്നു കുത്തി, പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരൻ നായർ എന്നാണ് പരിഹാസം. ഈ ഫ്ലക്സിന് 100 മീറ്ററിന് സമീപമാണ് 681-ാംനമ്പർ കരയോഗം. പത്തനംതിട്ട വെട്ടിപ്രം കരയോഗ കെട്ടിടത്തിന് മുന്നിലാണ് ആദ്യം ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. സുകുമാരൻ നായരെ കട്ടപ്പ എന്ന് വിമർശിച്ചാണ് കഴിഞ്ഞ ദിവസം ഫ്ലക്സ് കെട്ടിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img